പുരാതന ജൂതന്മാരുടെ ആചാരമര്യാദകൾ

ലോകത്തിലെ ഏറ്റവും പുരാതന ജനസമൂഹങ്ങളിലൊന്നാണ് യഹൂദർ .കേരളമണ്ണിൽ ഇന്നവർ അധികമൊന്നുമില്ലെങ്കിലും അവരവശേഷി??

പുരാതന ജൂതന്മാരുടെ ആചാരമര്യാദകൾ
* * * * * * * * * * * * * * * * * * * *
ലോകത്തിലെ ഏറ്റവും പുരാതന ജനസമൂഹങ്ങളിലൊന്നാണ് യഹൂദർ .കേരളമണ്ണിൽ ഇന്നവർ അധികമൊന്നുമില്ലെങ്കിലും അവരവശേഷിപ്പിച്ചിട്ടുപോയ സാംസ്കാരിക അവശിഷ്ടങ്ങള്‍ നിരവധി നമ്മുടെ നാട്ടിലുണ്ട് .ഒരുപാടുകാലം നമ്മുടെ നാട്ടിന്റെ സംസ്കാരത്തോട് ഒട്ടിച്ചേർന്നു ജീവിച്ച അവരുടെ സാമൂഹിക ജീവിതത്തെക്കുറിച്ചും സംസ്കാരത്തെക്കുറിച്ചും നമ്മള്‍ അറിഞ്ഞിരിക്കുന്നത് നല്ലതാണെന്ന് തോന്നുന്നു .

പ്രസവം ,ഒരു കുട്ടിയുടെ ജനനം , സ്വത്തിന്റെ പിൻതുടർച്ചാവകാശനിയമങ്ങൾ
---------------------------------
പ്രസവിച്ചു വീണാലുടൻ കുട്ടിയെ കുളിപ്പിച്ച് ഉപ്പുവെള്ളം പുരട്ടി തുണിയിൽ ചുറ്റി കിടത്തുകയാണ് അവര്‍ ആദ്യം ചെയ്യുക .ജനിച്ചു എട്ടാംപക്കം കുഞ്ഞിന്റെ ചേലാകർമ്മം നടത്തും.ആ ദിവസം ശാബ്ബത്താണെങ്കിൽ പോലും അവര്‍ അതിന് മുടക്കം വരുത്തുകയില്ല .അതേ ദിവസം തന്നെയാണ് കുഞ്ഞിന് പേരിടുന്നതും .മൂന്നുവയസ്സുവരെ മുലപ്പാൽ മാത്രമാണ് കുഞ്ഞിന് ഭക്ഷണം .മൂന്നുവയസ്സ് തികയുമ്പോൾ ആഘോഷമായി കുഞ്ഞിന്റെ "ഉണൂട്ടൽ" നടത്തും .ആൺകുട്ടികൾ അഞ്ചുവയസ്സുമുതൽ പിതാവിന്റെ നിയന്ത്രണത്തിലാണ് വളരുക . വിദ്യാഭ്യാസമെന്ന നിലയില്‍ പ്രധാനമതകാര്യങ്ങളും മോശയുടെ ന്യായപ്രമാണങ്ങളും നിർബന്ധമായും പഠിച്ചിരിക്കണം തുടർന്നുള്ള പഠനത്തിനായി പുരോഹിതർ നടത്തുന്ന സ്ക്കൂളുകളിൽ ചേരാം .
പെൺകുട്ടികളുടെ കാര്യത്തില്‍ കഠിനമായ നിയന്ത്രണങ്ങളാണുള്ളത്. .പ്രായപൂർത്തിയാകും വരെ പുറത്ത് പോയി വെള്ളം കോരാൻ പോലും അവരെ അനുവദിക്കുകയില്ല .വിവാഹക്കാലം വരെ വീടിനുള്ളിൽ മാതാവിന്റെ നിയന്ത്രണത്തിൽ ഗൃഹഭരണവും പാചകവും പരിശീലിക്കും .സമ്പന്നരാണെങ്കിൽ നടനവും സംഗീതവും പരിശീലിക്കാം .

ഒരു സ്ത്രീ പ്രസവിച്ചാൽ ഏതാനും ദിവസങ്ങളിലേക്ക് അവര്‍ അശുദ്ധയാണെന്ന് പരിഗണിക്കപ്പെടുന്നു .ആൺകുഞ്ഞിനെയാണ് അവള്‍ പ്രസവിച്ചിട്ടുള്ളതെങ്കിൽ ആദ്യം ഏഴുദിവസവും അനന്തരം മുപ്പത്തിമൂന്ന് ദിവസവും അശുദ്ധയാണെന്ന് കണക്കാക്കപ്പെടും .പെൺകുഞ്ഞിനെയാണ് പ്രസവിക്കുന്നതെങ്കിൽ ആദ്യം പതിനാലു ദിവസവും പിന്നെ അറുപത്തിയാറ് ദിവസവും അവള്‍ അശുദ്ധയായിരിക്കും .പ്രസ്തുതദിവസങ്ങൾ കഴിഞ്ഞാല്‍ ശുദ്ധീകരണത്തിനായി അവള്‍ ദേവാലയത്തിൽ പോകേണ്ടതാണ് .അപ്പോൾ ഒരു വയസ്സുള്ള ഒരാട്ടിൻകുട്ടിയെയോ അതിന് ശേഷിയില്ലെങ്കിൽ രണ്ട് അരിപ്രാവുകളെയോ അവിടെ സമർപ്പിക്കണം .

പിതാവിന്റെ മരണശേഷം സ്വത്ത് ഭാഗം ചെയ്യുമ്പോള്‍ മൂത്തമകന് മറ്റുള്ള ആൺകുട്ടികളുടെ ഇരട്ടി സ്വത്ത് ലഭിക്കും .പിതാവ് ജീവനോടെയിരിക്കുമ്പോൾ മക്കള്‍ സ്വത്ത് ഭാഗം ചെയ്യണമെന്നാവശ്യപ്പെട്ടാൽ പിതാവ് അത് നടത്തിക്കൊടുക്കാൻ ബാദ്ധ്യസ്ഥനാണ് .വെപ്പാട്ടികളിൽ ജനിക്കുന്ന കുട്ടികള്‍ക്ക് പിതാവ് സ്വന്തം ഇഷ്ടപ്രകാരം എന്തെങ്കിലും സ്വത്ത് നല്‍കിയാല്‍ മാത്രമേ ലഭിക്കുകയുള്ളു അല്ലാതെ അവർക്ക് സ്വാഭാവിക അവകാശം പിതാവ് സ്വത്തിൻ മേലില്ല .പെൺമക്കൾക്ക് പിതൃസ്വത്തിൽമേൽ അവകാശമില്ല .പക്ഷേ അവര്‍ അവിവാഹിതർ ആണെങ്കില്‍ അവർക്ക് ജീവനാംശത്തിനുള്ള അവകാശമുണ്ട് .ഭാര്യക്ക് ഭർത്താവിന്റെ മരണശേഷം അദ്ദേഹത്തിന്റെ സ്വത്തിൽ അവകാശമില്ല എന്നാല്‍ എന്തെങ്കിലും അദ്ദേഹം ഭാര്യക്കായി നീക്കി വെച്ചിട്ടുണ്ടെങ്കിൽ അത് ലഭിക്കുന്നതിന് തടസ്സമില്ല .

കുശലപ്രശ്നങ്ങളും സാമൂഹ്യമര്യാദകളും
--------------------------------------------------------------
ജൂതർ ജീവിക്കുന്ന രാജ്യങ്ങളുടെ രീതികളനുസരിച്ച് അവരുടെ കുശലപ്രശ്നങ്ങളിൽ വ്യത്യാസങ്ങളുണ്ട് .പാലസ്തീൻ പ്രദേശങ്ങളിലെ (ഇന്നത്തെ ഇസ്രയേലും പാലസ്തീനും ചേര്‍ന്ന പ്രദേശം ) കുശലപ്രശ്നങ്ങൾ ദീർഘവും വിശദവുമാണ് . വീട്ടുകാരുടേയും ബന്ധപ്പെട്ടവരുടേയും വിശേഷങ്ങള്‍ വിശദമായി ചോദിച്ചറിയും ."കർത്താവ് നിന്നോട് കൂടെയുണ്ടാവട്ടെ " "ദൈവം നിന്നെ അനുഗ്രഹിക്കട്ടെ " "നിന്റെ കർത്താവ് അനുഗ്രഹിക്കപ്പെട്ടവനാകട്ടെ " തുടങ്ങിയവയാണ് സർവ്വസാമാന്യ ആശംസകള്‍ .

ഒരാള്‍ മറ്റൊരാളെ വഴിയില്‍വെച്ച് കണ്ടുമുട്ടിയാൽ "നിങ്ങൾക്ക് സമാധാനം ഉണ്ടാകട്ടെ " എന്ന് അന്യോന്യം ആശംസിക്കും ഒപ്പം വലതുകൈ നെഞ്ചോടുചേർത്ത് കുശലം ചോദിക്കുകയും ചെയ്യും .അതിലൊരാൾ സമ്പന്നനോ ,പ്രമാണിയോ ആണെങ്കില്‍ മറ്റെയാൾ ഒന്ന് വളഞ്ഞുനിന്ന് ബഹുമാനം കാട്ടിയായിരിക്കും സംസാരിക്കുന്നത് .അടുത്തബന്ധുക്കളോ ഉറ്റസ്നേഹിതരോ ആണ് കണ്ടുമുട്ടുന്നതെങ്കിൽ അന്യോന്യം കൈയ്യും ,തലയും ,കഴുത്തും ,താടിയും ,തോളും ചുംബിക്കും .

രാജാക്കന്മാരെയോ ,പ്രമാണിമാരെയോ കാണാന്‍ ചെല്ലുമ്പോള്‍ തിരുമുൽക്കാഴ്ച സമർപ്പിക്കുന്നത് യഹൂദരുടെ ഒരു രീതിയാണ്‌ .
ഒരാള്‍ മറ്റൊരാളിന്റെ വീട്ടില്‍ സന്ദർശനത്തിനായി എത്തിയാല്‍ വീട്ടിന്റെ വാതിലില്‍ മുട്ടിയശേഷം മാറി നില്ക്കും .ഗൃഹനാഥനോ മറ്റാരെങ്കിലുമോ പുറത്തുവന്ന് അകത്തേക്ക് ക്ഷണിക്കാതെ വീട്ടിനുള്ളിൽ പ്രവേശിക്കുകയില്ല .

ഭക്ഷണരീതി
-------------------
കുളമ്പ് പിളരാത്തവയും അയവെട്ടാത്തതുമായവയുടേയും പാമ്പുവർഗ്ഗത്തിലുള്ളവയുടേയുമായ മൃഗങ്ങളുടെയോ ജീവികളുടേയോ മാംസം ഭക്ഷണമായി അവർക്കുപയോഗിച്ചുകൂടാ .പക്ഷിവർഗ്ഗത്തിൽ വെട്ടുകിളിപോലുള്ള ചിലതരം പക്ഷികള്‍ ഭക്ഷിക്കുന്നത് അനുവദനീയമാണ് .മത്സ്യങ്ങളിൽ ചിതമ്പലും ചിറകും ഇല്ലാത്തവ അനുവദനീയമല്ല .ആട്ടിൻകുട്ടിയുടെ മാംസം അതിന്റെ തള്ളയുടെ പാലിൽ പാചകം ചെയ്ത് ഭക്ഷിക്കാൻ പാടില്ല .വിഗ്രഹങ്ങൾക്ക് നിവേദിച്ച ഭക്ഷണം വർജ്ജ്യമാണ് .പഴയകാലത്ത് നിഷിദ്ധമായ ഭക്ഷണം അറിയാതെ കഴിച്ചാലോ എന്ന് ഭയന്നു ജൂതർ മറ്റു സമുദായക്കാരോടൊപ്പം ഭക്ഷണം കഴിക്കാറുണ്ടായിരുന്നില്ലത്രേ .അനുവദനീയമായ മൃഗങ്ങളുടെ എല്ലാഭാഗങ്ങളും ഭക്ഷിക്കാൻ അനുവാദമുണ്ടായിരുന്നില്ല .ചുവന്ന വീഞ്ഞാണ് അവരുടെ ഇഷ്ടപാനീയം .ഭക്ഷണത്തിന് മുൻപും പിൻപും കൈകഴുകണം .തറയിലായാലും തീൻമേശക്കരുകിലായാലും കാലിന്മേൽ കാൽ കയറ്റിവെച്ചാണ് അവര്‍ ആഹാരം കഴിക്കാറുള്ളത് .

എല്ലാവരും ഭക്ഷിക്കാനായി ഇരുന്നുകഴിഞ്ഞാൽ പ്രധാനിയായ ആൾ എഴുന്നേറ്റ് അപ്പം എടുത്ത് അതിന്മേൽ കൈവെച്ച് " ലോകത്തിന്റെ രാജാവും ഭൂമിയില്‍ അപ്പം ഉത്പ്പാദിപ്പിക്കുന്നവനുമായ ഞങ്ങളുടെ ദൈവമായ കർത്താവേ നീ അനുഗ്രഹീതനാകുന്നു " എന്നു പ്രാർത്ഥിക്കും അന്നേരം മറ്റുള്ളവര്‍ "ആമേൻ " പറയും .അതിനുശേഷം അപ്പത്തിന്റെ ഒരു കഷണം മാറ്റിവെച്ചിട്ട് ബാക്കിയുള്ളത് എല്ലാവർക്കുമായി വീതിക്കും .ഇതിനുശേഷം പ്രധാനി ഒരു കോപ്പയിൽ വിഞ്ഞെടുത്ത് ഉയർത്തിപ്പിടിച്ച് "ലോകത്തിന്റെ രാജാവും ഭൂമിയില്‍ വീഞ്ഞ് ഉത്പ്പാദിപ്പിക്കുന്നവനുമായ ഞങ്ങളുടെ ദൈവമായ കർത്താവേ ,നീ അനുഗ്രഹീതനാകുന്നു " എന്ന് ആശീർവദിച്ചതിനുശേഷം എല്ലാവരും 23ാം സങ്കീർത്തനം ചൊല്ലി ഭക്ഷിക്കാനാരംഭിക്കുന്നു .എല്ലാവരും ഭക്ഷണം കഴിച്ച് കൈ കഴുകിയതിനുശേഷം പ്രധാനി വീണ്ടും ഒരു കോപ്പ വീഞ്ഞ് ഉയർത്തിപ്പിടിച്ച് "തന്റെ ദാനങ്ങളെ നമുക്ക് നല്‍കിയവനെ
നമുക്ക് അനുഗ്രഹിക്കാം " എന്നു പറയുമ്പോള്‍ "തന്റെ പ്രസാദങ്ങളെ നമുക്ക് ചൊരിഞ്ഞുതരുകയും ,തന്റെ നന്മകൊണ്ട് നമ്മെ തീറ്റിക്കുകയും ചെയ്തവൻ അനുഗ്രഹീതനാകുന്നു "എന്ന് മറ്റുള്ളവര്‍ പ്രത്യുത്തരം നല്‍കുകയും ചെയ്യുന്നു .അനന്തരം ദീർഘമായൊരു പ്രാർത്ഥനയോടെ ഭക്ഷണച്ചടങ്ങുകൾ അവസാനിപ്പിക്കുന്നു .

വിവാഹം
-------------
വിവാഹം എല്ലാവരും നിർബന്ധമായും ചെയ്തിരിക്കേണ്ട ഒരു കർമ്മമായാണ് ജൂതർ കരുതുന്നത് .വളരെ ചെറുപ്പത്തില്‍ തന്നെ വിവാഹം കഴിക്കുന്ന രീതിയാണ്‌ ജൂതർക്കിടയിലുള്ളത് .വരന് പതിനെട്ടും വധുവിന് പന്ത്രണ്ടുമാണ് വിവാഹപ്രായമായി നിശ്ചയിച്ചിട്ടുള്ളത് .പെൺമക്കൾ വിവാഹപ്രായം കഴിഞ്ഞ് വീട്ടില്‍ നിന്നാല്‍ ദൈവകോപമുണ്ടാകുമെന്നാണ് അവര്‍ വിശ്വസിക്കുന്നത് .സന്താനമില്ലാത്ത സ്ത്രീകള്‍ ശാപഗ്രസ്തരാണെന്ന് അവര്‍ വിശ്വസിക്കുന്നു .ഒരു സ്തീക്ക് സന്താനം ജനിക്കുന്നതിനു മുമ്പ് ഭർത്താവ് മരണപ്പെട്ടുപോയാൽ അയാളുടെ സഹോദരന്മാരിൽ ആർക്കെങ്കിലും അവരെ വിവാഹം ചെയ്യാം .പുതിയബന്ധത്തിലുണ്ടാകുന്ന മൂത്തമകന് പഴയഭർത്താവിന്റെ സ്വത്തുക്കളുടെ മേല്‍ അവകാശം സിദ്ധിക്കുന്നതാണ് .
യഹൂദർ ആദ്യകാലത്ത് ഏകപത്നീവ്രതക്കാരായിരുന്നെങ്കിലും പിന്നീട് ബഹുഭാര്യാത്വം നിലവില്‍ വന്നു .പക്ഷേ പ്രഥമഭാര്യയ്ക്കു മാത്രമേ സാമൂഹിക അംഗീകാരം ഉണ്ടായിരുന്നുള്ളൂ .മറ്റുള്ള ഭാര്യമാർ വെപ്പാട്ടികളായി കരുതപ്പെട്ടിരുന്നു .പ്രഥമഭാര്യയിൽ കുട്ടികള്‍ ഇല്ലെങ്കില്‍ മാത്രമേ വെപ്പാട്ടികളിലുണ്ടാകുന്ന കുട്ടികള്‍ക്ക് പിതാവിന്റെ സ്വത്തിൽ അവകാശം സിദ്ധിക്കുകയുള്ളു .മൂത്തവർ നില്ക്കുമ്പോൾ ഇളയവർ വിവാഹം കഴിക്കുന്ന രീതി അവർക്കിടയിൽ ഇല്ല .വിവാഹത്തിനോ അതു സംബന്ധമായ ചടങ്ങുകൾക്കോ മതത്തിനോ പുരോഹിതനോ ഒരു സ്ഥാനവും ജൂതർ നല്കുന്നില്ല .
വിവാഹാലോചന രണ്ടുമൂന്നുതരത്തിൽ അവര്‍ നടത്താറുണ്ട് .ചെറുക്കൻ നേരിട്ട് പെണ്ണിനോട് സമ്മതം ചോദിക്കുന്നതാണ് ഒരുരീതി.മൂന്നാമൻ വഴി പെണ്ണിന്റെ സമ്മതം അറിയുന്ന രീതിയും,ചെറുക്കൻ പെണ്ണിനോട് കത്തെഴുതി സമ്മതം ചോദിക്കുന്ന രീതിയും ഉണ്ട് .പെണ്ണ് സമ്മതം അറിയിച്ചാൽ അവൾക്കെന്തെങ്കിലും സമ്മാനം ചെറുക്കൻ നല്കും .

വിവാഹനിശ്ചയത്തിനും പലരീതികളുണ്ട് .ചെറുക്കൻ പെണ്ണിനെ പരസ്യമായി ചുംബിച്ചാൽ അത് വിവാഹനിശ്ചയമായി പരിഗണിക്കപ്പെടും .ചുംബനത്തിന് ശേഷം പെൺകുട്ടിയുടെ മാതാപിതാക്കള്‍ക്ക് സമ്മാനങ്ങൾ പയ്യൻ നല്‍കി അനുവാദം വാങ്ങണം .ചെറുക്കൻ മൂന്നാമൻ വഴി കൊടുത്തുവിടുന്ന വെള്ളി പെണ്ണ് സ്വീകരിച്ചാലും വിവാഹനിശ്ചയമായി പരിഗണിക്കും എന്നാലും പെണ്ണിന്റെ മാതാപിതാക്കള്‍ക്കും ചിലപ്പോള്‍ സഹോദരന്മാർക്കും പയ്യൻ സമ്മാനം നല്കണം .വിവാഹനിശ്ചയത്തോടെ പെണ്ണിനേയും ചെറുക്കനേയും ഭാര്യാഭർത്താക്കന്മാരായി എല്ലാവരും അംഗീകരിക്കുമെങ്കിലും പെണ്ണിനെ ചെറുക്കൻ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകുന്നതിന് മുമ്പ് പെണ്ണ് ഗർഭിണിയായാൽ അവളെ വ്യഭിചാരിണിയായി മുദ്രകുത്തി കല്ലെറിഞ്ഞു കൊല്ലും .

ചെറുക്കൻ പെണ്ണിനെ അവളുടെ വീട്ടില്‍ നിന്നും ആഘോഷപൂർവ്വം സ്വയം വീട്ടിലേക്ക് കൂട്ടികൊണ്ടു വരുന്നതാണ് അവരുടെ വിവാഹച്ചടങ്ങ് .രാത്രിയിലാണ് ചെറുക്കൻ പെണ്ണിനെ കൂട്ടിക്കൊണ്ട് പോകുവാനായി പെണ്ണിന്റെ വീട്ടിലെത്തുന്നത് .പെണ്ണും ചെറുക്കനും പൂമാലകളും പുഷ്പകിരീടവും ചൂടി (ചിലപ്പോൾ വെള്ളിക്കിരീടമോ സ്വർണ്ണക്കിരീരമോ ആകാം ) പുതിയ വസ്ത്രങ്ങളും ആഭരണങ്ങളും അണിഞ്ഞ് വാദ്യഘോഷങ്ങളോടെ ചെറുക്കന്റെ വീട്ടിലേക്ക് തിരിക്കും . ചെറുക്കന്റെ വീട്ടിലെത്തിയാൽ അവിടെ വലിയൊരു വിരുന്നൊരുക്കും. .വിരുന്നിന് ഭക്ഷണത്തോടൊപ്പം കുറച്ച് വെള്ളവസ്ത്രങ്ങളും സൂക്ഷിച്ചിരിക്കും .ഇത് ഏതെങ്കിലും ക്ഷണിക്കപ്പെട്ട അതിഥി മോശം വസ്ത്രങ്ങള്‍ ധരിച്ചു വന്നാല്‍ അവർക്ക് ഉടുക്കുവാനായി കൊടുക്കും .ക്ഷണിക്കാതെ മോശം വസ്ത്രങ്ങള്‍ ധരിച്ച് വിരുന്നിന് വന്നാല്‍ അവരെ പിടികൂടി കൈകാലുകൾ ബന്ധിച്ച് ഇരുട്ടില്‍ തള്ളും .വിവാഹാഘോഷങ്ങൾ ഏഴുദിവസം ദിവസം നീണ്ടുനിൽക്കും .

പ്രാർത്ഥനാരീതികൾ
--------------------------------
ഒരു ദിവസം രണ്ടുപ്രവശ്യമാണ് ജൂതർ പ്രാർത്ഥിക്കാറുള്ളത് .കാലത്ത് മൂന്നുമണിക്കും വൈകുന്നേരം ഒൻപതുമണിക്കുമാണ് അവര്‍ പ്രാർത്ഥിക്കുന്നത് (അവർ ജീവിക്കുന്ന രാജ്യങ്ങളുടെ രീതി അനുസരിച്ച് സമയത്തിൽ മാറ്റം വരാം ).മൂന്നുനേരം പ്രാർത്ഥിക്കുന്നവരും അവർക്കിടയിലുണ്ട് .തങ്ങളുടെ പാപങ്ങളെല്ലാം കഴുകിക്കളയുന്നു എന്നർത്ഥത്തിൽ കൈകള്‍ കഴുകിയതിനുശേഷമാണ് അവര്‍ പ്രാർത്ഥനയ്ക്കിരിക്കാറുള്ളത് .ദേവാലയത്തിലാണ് പ്രാർത്ഥനക്കുന്നതെങ്കിൽ പുരോഹിതൻ പ്രാർത്ഥന ചൊല്ലുകയും മറ്റുള്ളവര്‍ ആമേൻ പറയുന്നതുമാണ് രീതി .രഹസ്യപ്രാർത്ഥന നടത്തുമ്പോൾ തലമൂടിയും ശബ്ദം അടക്കിയുമാണ് പ്രാർത്ഥിക്കുക .നിന്നുകൊണ്ടും ,മുട്ടുകുത്തിയും ,സാഷ്ടാംഗം വീണുകിടന്നുമാണ് പ്രാർത്ഥന നടത്തുക .പാശ്ചാത്താപവും എളിമയും സൂചിപ്പിച്ചിക്കുന്ന രീതിയില്‍ ചിലര്‍ ഇൗ സമയം നെഞ്ചത്തടിക്കാറുണ്ട് .ചിലര്‍ കൈകള്‍ വിരിച്ചുപിടിച്ചും ,ചിലർ കൈകള്‍ ആകാശത്തേക്കുയർത്തിയും പ്രാർത്ഥിക്കാറുണ്ട് .ദേവാലയത്തിന്റെ കുറച്ചകലെയെവിടെങ്കിലും ഭക്തർ പ്രാർത്ഥിക്കുകയാണെങ്കിൽ ദേവാലയം നിൽക്കുന്നിടത്തേക്ക് തിരിഞ്ഞു നിന്നാണ്‌ പ്രാർത്ഥിക്കുക ..
കൂടുതല്‍ വിവരങ്ങള്‍ എഴുതിയാല്‍ പോസ്റ്റ് വല്ലാതെ നീണ്ടുപോകും അതുകൊണ്ട് നിർത്തുന്നു .

വിവരശേഖരണം : ,പുലിക്കോട്ടിൽ യൗസേഫ് റമ്പാൻ രചിച്ച യഹൂദന്മാർ ,അവരുടെ ആചാര്യമര്യാദകൾ എന്ന പുസ്തകം .


Akshaya

6 Blog posts

Comments